All posts by admin

Plus One Allotment 2023 FAQ

പ്ലസ് വൺ ഏകജാലക പ്രവേശനം സംശയങ്ങളും ഉത്തരങ്ങളും

പ്ലസ് വൺ ഏകജാലക പ്രവേശനം: ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂൺ 19 മുതൽ 21 വരെ.

എന്താണ് ആദ്യ അലോട്ട്മെന്റ് ?

ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഏകജാലക അപേക്ഷയിൽ നൽകിയ ഓപ്‌ഷന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച ആദ്യ റാങ്ക് ലിസ്റ്റാണ് ഇത്. അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 19ന് രാവിലെ 11 മണി മുതൽ ജൂൺ 21ന് വൈകിട്ട് 5 വരെ പ്രവേശനം നേടാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുളള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.

 ആദ്യ അലോട്ട്മെന്റ് ഫലം പരിശോധിക്കുന്നതെങ്ങനെ ?

അഡ്മിഷൻ പോർട്ടലിലെ Candidate Login-SWS ൽ പ്രവേശിച്ച് അലോട്ട്മെന്റ് ഫലം പരിശോധിക്കാം. ക്യാൻഡിഡേറ്റ് ലോഗിനിൽ യൂസർ നെയിം(അപ്ലിക്കേഷൻ നമ്പർ), പാസ്സ്‌വേർഡ്, ജില്ല എന്നിവ നൽകുമ്പോൾ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും. അലോട്ട്മെന്റ് ലെറ്റർ കാണാനും സാധിക്കും. പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും പ്രവേശനത്തിന് വേണ്ട രേഖകളും കൃത്യമായി മനസ്സിലാക്കണം.

താത്കാലിക പ്രവേശനവും, സ്ഥിര പ്രവേശനവും എന്താണ് ?

ഏകജാലക അപേക്ഷയിൽ നൽകിയ ഒന്നാം ഓപ്‌ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് മറ്റ് ഓപ്‌ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടിക്കൊണ്ട് അടുത്ത അലോട്ട്മെന്റിൽ ഉയർന്ന ഓപ്‌ഷൻ ലഭിക്കുമോ എന്ന് കാത്തിരിക്കാം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട.

 സ്ഥിര പ്രവേശനം നേടാൻ ഫീസ് അടക്കുന്നത് എങ്ങനെ ?

അടക്കേണ്ട ഫീസിനെ സംബന്ധിച്ച വിവരം അലോട്ട്മെന്റ് ലെറ്ററിൽ ലഭ്യമാണ്. പ്രവേശന സമയത്ത് സ്‌കൂളിൽ നേരിട്ട് നൽകിയാലും മതിയാകും.

പ്രവേശനം നേടാൻ ആവശ്യമായ രേഖകൾ ഏതെല്ലാം ?

ക്യാൻഡിഡേറ്റ് ലോഗിൻ നിന്നും ലഭിക്കുന്ന രണ്ട് പേജ് അലോട്ട്മെന്റ് ലെറ്റർ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് , ബോണസ് & ടൈ ബ്രേക്കിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെകിൽ അവയുടെ രേഖകൾ എന്നിവ അസൽ ഹാജരാക്കണം. താത്കാലിക പ്രവേശനം നേടുന്നവരുടെയും സർട്ടിഫിക്കറ്റുകൾ സ്‌കൂളിൽ സൂക്ഷിക്കും. കൂടുതൽ വിവരങ്ങൾ സർക്കുലറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 ഒന്നാം അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല. അഡ്മിഷൻ എടുക്കണോ?

വേണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും പ്രവേശനം നേടണം. ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല എങ്കിൽ താത്കാലിക പ്രവേശനം നേടി രണ്ടാം അലോട്ട്മെന്റിലെ പ്രവേശന സാധ്യതക്കായി കാത്തിരിക്കാം.

ആദ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കാത്തവർ എന്ത് ചെയ്യണം ?

ഏകജാലക പ്രവേശന പ്രക്രീയയിൽ ആദ്യ ഘട്ടത്തിൽ മൂന്ന് അലോട്ട്മെന്റ് ഉണ്ട്. ഇപ്പോൾ അലോട്ട്മെന്റ് ലഭിക്കാത്തവർ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക.

Plus One Second and Third Allotment 2023

പ്ലസ് വൺ രണ്ടാം അലോട്മെന്റ് 26നും മൂന്നാംഘട്ടം ജൂലൈ ഒന്നിനും

സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും
പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് ജൂൺ 26ന് പ്രസിദ്ധീകരിക്കും. മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാംഅലോട്മെന്റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയാക്കിയ ശേഷം മൂന്നാമത്തെ അലോട്ട്മെന്റ് ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ജൂലൈ ഒന്നുമുതൽ മൂന്നാംഘട്ട അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ആരംഭിക്കും. അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തിൽ മുഖ്യഘട്ട അലോട്ട്മെന്റുകൾക്ക്ശേ ശേഷം സപ്ലിമെന്ററി അലോട്ട്മെന്റ് ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
ഒന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് രാവിലെ 11മുതൽ ആരംഭിച്ചു. 21ന് വൈകിട്ട് 5 വരെയാണ് പ്രവേശനം നടക്കുക. വൊക്കേഷൻ ഹയർ സെക്കൻഡറി പ്രവേശനവും ഇതോടൊപ്പം നടക്കുന്നുണ്ട്.